ഊർമിള

വർഷങ്ങൾക്കു മുൻപാണ്, ഹൈ സ്കൂളിൽ പഠിക്കുന്ന സമയം. മലയാളം non-detailed ആയി രാമായണത്തിലെ ഒരു ഏട് പഠിക്കാൻ ഉണ്ടായിരുന്നു . ഊർമിള ആയിരുന്നു കേന്ദ്രകഥാപാത്രം . അക്ഷരങ്ങൾ കൂട്ടിവായിക്കുന്ന പ്രായത്തിലെ കഥകൾ കൂട്ടുകാർ ആയിരുന്നതുകൊണ്ട് രാമായണകഥകളും കഥാപാത്രങ്ങളും അതിനു മുൻപേ പരിചിതർ ആയിരുന്നു. അതിലൊക്കെ തന്നെയും രണ്ടോ മൂന്നോ വരികളിലൂടെ ഒതുക്കി മാറ്റിവെയ്ക്കപ്പെട്ട കഥാപാത്രം . ഊർമിള എന്ന സ്ത്രീയെ അറിഞ്ഞത്, അവളുടെ നൊമ്പരങ്ങളെ, ശ്വാസം മുട്ടിക്കുന്ന അവളുടെ ഏകാന്തതയെ, അവൾക്ക് നേരിടേണ്ടിവന്ന അനീതിയെ എനിക്ക് മനസിലാക്കിത്തന്നത് രചയിതാവ് ആരെന്നറിയാത്ത ആ പാഠപുസ്തകം ആണ്. അവൾ എനിക്ക് പക്ഷേ നിസ്സഹായതയുടെ പ്രതീകം ആയിരുന്നില്ല, മറിച്ച് അവഗണിക്കപ്പെട്ടിട്ടും ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ സ്ത്രീത്വത്തിന്റെ പ്രതീകം ആയിരുന്നു . അന്നുമുതൽ രാമായണത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി ഊർമിള എന്റെ മനസ്സിന്റെ കോണിൽ ഉണ്ട് . പിന്നെയുംവർഷങ്ങൾ എടുത്തു ഊർമിളമാർ കഥയിൽ മാത്രമല്ല ജീവിക്കുന്നത് എന്ന് മനസിലാക്കാൻ. യുഗയുഗാന്തരങ്ങൾ കഴിഞ്ഞിട്ടും അവഗണനയുടെയും സ്വാർത്ഥതയുടെയും ഇരയായി , ആത്മാഭിമാനം അടിയറവ് വെയ്ക്കാതെ ജീവിതത്തോട് പൊരുതുന്നവർ . അവരുടെ കഥകളിലെ ‘പ്രതി’ നായകൻ ലക്ഷ്മണനോ അതോ രാവണനോ എന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ തുടരുന്നു !

Leave a comment