മുൻവിധികൾ ഇല്ലാത്തവർ ഉണ്ടാകുമോ ?
മനുഷ്യർ പൊതുവേ മറ്റുള്ളവരുടെ സ്വഭാവരീതികളെയും കാഴ്ചപ്പാടുകളെയും കുറിച്ച് ; ഇതൊന്നും ഇല്ലെങ്കിൽ സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും കുറിച്ച് മുൻവിധികൾ വെച്ചു പുലർത്തുന്നവരാണ്.
ഡിഗ്രിയ്ക്കു പഠിക്കുമ്പോളാണ് ; ജയ്ൻ ഓസ്റ്റിന്റെ ‘Pride and Prejudice’ മനസ്സിൽ കൊണ്ടു നടന്ന കാലം. Prejudiced എന്ന വാക്കിന്റെ അർത്ഥം അന്വേഷിച്ചു പോയ ഞാൻ കണ്ടെത്തിയത് എന്റേതായ മുൻവിധികളെയും അത് എന്റെ കാഴ്ചപ്പാടുകളിൽ വരുത്തിയ ചില മാറ്റങ്ങളും ആണ്.
പലപ്പോഴും നിരുപദ്രവം എന്ന് തോന്നുന്ന ചില മുൻവിധികൾ നാം പോലും അറിയാതെ നമ്മളുടെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി എന്നു വരാം. വർഷങ്ങൾക്കു ശേഷം അത് തിരിച്ചറിയുമ്പോൾ തിരിച്ചു പിടിക്കാൻ പറ്റാത്ത വിധം ആ ബന്ധങ്ങൾ ഒരുപക്ഷേ നഷ്ടമായേൽക്കാം.
എനിക്ക് ഇത് ചെയ്യാൻ പറ്റില്ല, അല്ലെങ്കിൽ ഇത്ര മാത്രമേ പറ്റൂ – പലർക്കും ഉള്ള മുൻവിധികൾ ആണിത്. മുൻവിധികളും ആത്മവിശ്വാസ ക്കുറവുകളും കൈ കോർക്കുമ്പോൾ കൈഎത്തും ദൂരത്തു നിന്ന് കാണാമറയത്തേക്ക് പോകുന്ന അവസരങ്ങളും ഏറെ.
നമ്മൾ പരുവപ്പെടുത്തിയെടുത്ത അഥവാ സ്വായത്തമാക്കിയ സങ്കല്പങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും മാറി ചിന്തിക്കുക അത്ര എളുപ്പം അല്ലെങ്കിലും മുൻവിധികൾ മാറ്റി വെച്ചു കൊണ്ടു ഒന്ന് ശ്രമിച്ചു നോക്കുക. ‘വെളിച്ചം ദുഃഖം ആണ് ഉണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് എല്ലായിപ്പോഴും പറയേണ്ടി വരില്ല.