കല്ലിൽ രചിച്ച കവിതകൾ

ഏതോ മനോഹരമായ കലാസൃഷ്ടിയെ കുറിച്ചാണെന്ന് കരുതിയെങ്കിൽ തെറ്റി. എന്റെ ഒരു കൈയബദ്ധം കണ്ടപ്പോൾ മനസ്സിൽ തോന്നിയ ശീർഷകമാണിത്.

കുറച്ചു നാളുകൾക്കു മുൻപാണ്, അമ്മ നാട്ടിൽ ആയതുകൊണ്ടും കോറോണയെ പേടിച്ചു കുക്കിനെ വീട്ടിൽ കയറ്റാത്തതുകൊണ്ടും പാചകകാര്യങ്ങളിൽ ഞാൻ മുഴുവനായി ഇടപെട്ടു തുടങ്ങിയ കാലം. പണ്ട് സഹായിയുടെ റോൾ ആയിരുന്നെങ്കിൽ ഇപ്പോൾ മുഖ്യകാർമ്മികത്വം. ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും വല്യ പരിക്കുകൾ ഒന്നും കൂടാതെ മുന്നോട്ടു പോയപ്പോൾ കീറാമുട്ടി ആയത് അത്താഴം ആണ്, അതിനു കാരണമോ ‘ചപ്പാത്തി’ എന്ന വില്ലനും.

രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നത് ഒരു കല ആണെന്നാണ് അന്നും ഇന്നും ഉള്ള എന്റെ വിശ്വാസം. നിത്യാഭ്യാസത്തിലൂടെ കുറച്ചൊക്കെ സ്വായത്തമാക്കാമെങ്കിലും ജന്മസിദ്ധമായ കഴിവും, താത്പര്യവും ആവശ്യമുള്ള ഒരു കല. മറ്റു വീട്ടുകാര്യങ്ങൾ പോലെ monotonous ആയി ചെയ്യാവുന്ന ഒന്നല്ലത്.

സർഗ്ഗവാസന എല്ലാവരിലും ഒരുപോലെ ആവില്ലല്ലോ? Basic life skill എന്ന നിലയിൽ കുറച്ചു ബാലപാഠങ്ങൾ പഠിച്ചെടുത്തെന്നു മാത്രം. Advanced course ആയ ചപ്പാത്തി ചുടൽ എന്നെ മോഹിപ്പിച്ചതേയില്ല (ഗോതമ്പ് ദോശയും അത്ര മോശക്കാരൻ അല്ലല്ലോ). ചപ്പാത്തി മാവ് കുഴക്കാൻ റെഡി, പക്ഷേ പരത്തൽ അത് ‘ out of syllabus ‘ ആയി തന്നെ തുടർന്നു. രൂപവും ഭാവവും ഒത്തുവന്നാൽ അല്ലേ ചുട്ടെടുക്കാൻ പറ്റൂ.

‘Ready to cook/ half cooked’ ചപ്പാത്തികൾ മാർക്കറ്റിൽ സുലഭം ആയ ഇക്കാലത്ത് ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന് അറിയാമെങ്കിലും വെറുതേ കുറച്ചു സമയം വീണുകിട്ടിയപ്പോൾ എന്നാൽ ഇന്ന് ഞാൻ തന്നെ ഉണ്ടാക്കികളയാം എന്നൊരു തോന്നൽ. ‘അതിമോഹമാണ് മോനെ ദിനേശാ ‘ എന്ന് ആരോ മനസ്സിൽ ഇരുന്നു പറയുന്നത് കേട്ടിലെന്നു നടിച്ചു. പല പല രൂപത്തിലും ഭാവത്തിലും ഞാൻ കല്ലിൽ രചിച്ച ആ കവിതകൾ കണ്ടപ്പോൾ എന്റെ മകളുടെ കമന്റ്‌. ‘ This looks like Achamma’s chappathees only ‘. എന്നിട്ട് ശബ്ദം താഴ്ത്തി, ‘ somewhat ‘ എന്ന് കൂട്ടിച്ചേർത്തു. എനിക്ക് എന്താണാവോ അന്നേരം പൊടുന്നനെ യുധിഷ്ഠിരനെയും ‘ അശ്വത്മാവ് എന്ന ആനയേയും ‘ ഓർമ വന്നത്!

Leave a comment