മാറുന്ന കാഴ്ചപ്പാടുകൾ

ഇത് എഴുതാൻ പ്രേരിപ്പിച്ചത് ഈ അടുത്ത് Amazon prime -ഇൽ കണ്ട ഒരു മലയാളം മൂവി ആണ്. നായികയുടെ screen presence അല്ലാതെ പ്രതേയ്കിച്ചു മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മൂവി. അതിലെ ചില climax രംഗങ്ങൾ ആണ് ഇത് എഴുതാൻ കാരണം ആയത്.

നായകനും നായികയും വില്ലനും പിന്നെ ‘വിധിയും’ കഥാപാത്രങ്ങളായ നമ്മളുടെ ഒരു സാധാരണ സിനിമയിൽ താലികെട്ട് ഒരു പ്രധാന വഴിത്തിരിവ് ആണല്ലോ. വില്ലൻ തട്ടിക്കൊണ്ടു പോയാലും ഇനി അതല്ല അവിചാരിതമായ കാരണങ്ങളാൽ മറ്റൊരാളെ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നാലും താലികെട്ടുന്നതിനു മുൻപ് അതെല്ലാം കലങ്ങിതെളിഞ്ഞിരിക്കും. താലിയുമായുള്ള എത്ര എത്ര മത്സര ഓട്ടങ്ങൾ!

ഇനി മറ്റു ചില സിനിമകൾ ഉണ്ട്, എല്ലാ പ്രയത്നങ്ങൾക്കുമൊടുവിൽ അവസാനം ഇഷ്ടമില്ലാത്ത ഒരുവൻ താലികെട്ടുന്ന അവസ്ഥ. അത് ചിലപ്പോൾ വില്ലനാകാം അല്ലെങ്കിൽ നല്ലവനായ ഒരു സഹനായകൻ ആകാം. കെട്ടു വീണുകഴിഞ്ഞു വില്ലത്തരങ്ങൾ മനസിലായി എന്നും വരാം. എന്തുചെയ്യാൻ ! താലികെട്ടിപോയില്ലേ , എല്ലാംകഴിഞ്ഞില്ലേ!!!? ആ logic മനസിലാകാതെ പകച്ചു പോയിരുന്നു എന്റെ ബാല്യം.

ഞാൻ മുൻപ് സൂചിപ്പിച്ച സിനിമയിൽ സമാന സാഹചര്യത്തിൽ അകപ്പെട്ടുപോയ സഹനായികയോട് ആ ചടങ്ങിന് സാക്ഷ്യം വഹിച്ച / നടത്തിക്കൊടുത്ത വ്യക്തി പറയുന്നത് ” താലികെട്ട് അല്ലേ കഴിഞ്ഞുള്ളു, നിന്റെ ജീവിതം കഴിഞ്ഞില്ലല്ലോ. അതുകൊണ്ട് ആലോചിച്ചു തീരുമാനിക്കൂ ” എന്നാണ്. വില്ലനാണെന്നു വെളിവായിട്ടും വിധിക്ക് കീഴടങ്ങണോ വേണ്ടയോ എന്ന് confused ആയി നിന്ന യുവതിക്ക് ( പഴയ സിനിമകൾ അവരും കണ്ടുകാണുമല്ലോ ) ആ ഡയലോഗുകൾ ആത്മവിശ്വാസത്തിലേയ്ക്കുള്ള ചുവടുവെയ്പ്പായി. താലികെട്ടിയത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്ന് സിനിമാലോകവും മനസിലാക്കി തുടങ്ങിയല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്കും സമാധാനം ആയി. എല്ലാം ശുഭം 🙏.

Leave a comment