ദുരിതപർവ്വങ്ങൾ

നേരിട്ടും അല്ലാതെയും പരിചയം ഉള്ള ചില സ്ത്രീകൾ ഉണ്ട്. പേരുകൾ സാങ്കല്പികം ആണെങ്കിലും ജീവിതം തെല്ലും സാങ്കല്പികം അല്ലാത്തവർ. പൊള്ളുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് അവർക്ക് ജീവിതം.

അതിലൊരാൾ ആണ് ഷീല ; രണ്ടു കുട്ടികളുടെ അമ്മ, വിവാഹമോചിത, അർബുദത്തോട് വിശ്രമം ഇല്ലാതെ പടപൊരുതുന്നവൾ.

ജീവിതം അതിന്റെതായ താളത്തിൽ അല്പം അല്ലലും അലട്ടലും ആയി അങ്ങനെ മുന്നേറികൊണ്ടിരുന്നപ്പോളാണ് ആദ്യപ്രഹരം ഭർത്താവിന്റെ വഞ്ചനയുടെ രൂപത്തിൽ പതിക്കുന്നത്. മുന്നോട്ട് ഉള്ള വഴിയിൽ, ചോദ്യചിഹ്നങ്ങൾ പലത് ഉണ്ടായിരുന്നു എങ്കിലും ആത്മാഭിമാനം അടിയറവ് വെയ്ക്കാതെ ഭാര്യവേഷം അഴിച്ചു വെച്ച് വീടിന്റെ പടിയിറങ്ങി. സഹായത്തിനായി അധികം സുഹൃത്തുക്കളും ബന്ധുക്കളും ഇല്ലെങ്കിലും ആരുടെ മുൻപിലും കൈനീട്ടാതെ, ഉള്ള ജോലിയുമായി കുട്ടികളെ മിടുക്കരായി വളർത്തികൊണ്ട് വരുമ്പോഴാണ് ജീവിതം അർബുദവുമായി കൈകോർക്കുന്നത്. സൂപ്പർ വുമൺ ആയി പരിണാമം പ്രാപിച്ചിട്ടില്ലാതിരുന്നതിനാൽ ആദ്യം ഒന്ന് അടിപതറിയെങ്കിലും ഒന്ന് രണ്ടു സുഹൃത്തുക്കളുടെ പിൻബലത്തോടെ ചികിത്സയുമായി വീണ്ടും മുന്നോട്ട്.

കൈവിട്ടു പോകുന്ന ആരോഗ്യം, ലീവുകൾ കൂടിയതിനാൽ നഷ്ടമായ പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി, കുത്തനെ കൂടുന്ന ചികിത്സാ ചിലവുകൾ, അമ്മയേയും കൂടി നഷ്ടം ആകുമോ എന്ന് ഭയന്നിരിക്കുന്ന മക്കൾ. ഒരു സാധാരണ മനുഷ്യന്റെ ( സ്ത്രീ ആയാലും, പുരുഷൻ ആയാലും ) താളം തെറ്റാൻ ഇത്രയും ദുരിതങ്ങൾ തന്നെ വേണമെന്നില്ല.

ജീവിതം ഞാണിന്മേൽ കളിപോലെ ആകുമ്പോൾ, ചിലർക്ക് മാത്രം കിട്ടുന്ന ഒരു ധൈര്യം ഉണ്ട് ; തോൽക്കാൻ മനസില്ലാത്തവരുടെ ആത്മധൈര്യം.

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അമ്മയുടെയും അനുജത്തിയുടെയും കൂടെ നിന്ന മകൻ ആയിരുന്നു അവരുടെ മറ്റൊരു ആത്മബലം. അമ്മയെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള നെട്ടോട്ടം, സ്കൂൾ കുട്ടിയായ അനുജത്തിയെ സേഫ് സോൺ വരെ എത്തിക്കാനുള്ള ആഗ്രഹം, പഠിപ്പിന്റെ കൂടെ ജോലിയും കണ്ടുപിടിക്കാനുള്ള സമ്മർദ്ദം. ചെറിയ പ്രായത്തിലെ ഒരു മനുഷ്യായുസ്സിലെ സമ്മർദങ്ങൾ മുഴുവൻ താങ്ങേണ്ടിവന്ന മകന്റെ മനസിന്റെ കടിഞ്ഞാൺ പതുക്കെ നഷ്ടമാകുന്നത് അവർ മനസിലാക്കിയത് ” അമ്മാ, എന്നെ രക്ഷിക്കണം, അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും ” എന്ന ഒരു ഫോൺ കാളിലൂടെ ആണ്.

ഒരു അമ്മയ്ക്കു മാത്രം സാദ്ധ്യം ആകുന്ന കരുതലോടെ അവർ രാത്രികളിൽ മകന് കൂട്ടിരുന്നു. നല്ല കുറച്ച് മനസ്സുകളുടെ സഹായത്തോടെ അവന് ചികിത്സാ സഹായം തേടി. തളർന്നിട്ടും വീഴാതെ വീണ്ടും മുൻപോട്ട്.

വിധിയുടെ വിളയാട്ടം എന്നോ ദൈവത്തിന്റെ വികൃതികൾ എന്നോ നമ്മൾക്ക് സൗകര്യപൂർവം ഇവരുടെ ജീവിതത്തെ വ്യാഖ്യാനിക്കാം. ഇങ്ങനേയും കുറേ ജീവിതങ്ങൾ നമ്മൾക്ക് ചുറ്റിലും ഉണ്ട്. ജീവിതത്തോട് നിരന്തരം പോരാടിക്കൊണ്ട് ഇരിക്കുന്നവർ ; യഥാർത്ഥ പോരാളികൾ.

Leave a comment