പ്രണയദിനപിറ്റേന്ന്

മറവി ഒരു അനുഗ്രഹം ആണ്, ഓർമ്മകൾ ക്ഷണിക്കപ്പെടാത്ത അതിഥികളും . മണിച്ചിത്രത്താഴിട്ടു പൂട്ടിയിട്ടിട്ടും ; ചതിക്കപ്പെട്ടവളുടെ വിലാപം ഓർമ്മകളായി അവളെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു .

എത്രതന്നെ മൂടിപൊതിഞ്ഞു വെച്ചാലും പ്രണയത്തിന്റെ മുറിപ്പാടുകൾ നോവിച്ചു കൊണ്ടേയിരിക്കും എന്ന് ഓർമ്മപ്പെടുത്തിയ മറ്റൊരു പ്രണയദിനം കൂടി കടന്നുപോയി !

ആരെങ്കിലും കാണും’ എന്ന കമന്റ്‌ ഹൃദയം തുളച്ചു എത്ര പെട്ടെന്ന് ആണ് അപ്പോൾ ഞാൻ നിനക്ക് ആരാണ് എന്ന ചിന്തയിലേയ്ക്കും , പ്രണയം തനിക്ക് മരീചിക മാത്രം ആയിരുന്നു എന്നും , അതുകൊണ്ടുതന്നെ പ്രണയദിനങ്ങൾ ആഘോഷിക്കുവാൻ തനിക്ക് അർഹത ഇല്ല എന്നും അവളെ ഓർമ്മപ്പെടുത്തിയത്.

നീ ഓർക്കുന്നുണ്ടോ എന്നറിയില്ല,വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഒരു പ്രണയദിന പിറ്റേന്ന് ആണ് ഞാൻ നിന്റേതും നീ എന്റേതും ആണെന്ന് പരസ്യമായി സമ്മതം മൂളിയത്.പ്രണയത്തിന്റെ മാത്രമായ ആ ഓർമ്മകൾക്കുപോലും ഇപ്പോൾ ഉള്ളിലെ മരവിപ്പ് മാറ്റാൻ കഴിയുന്നില്ല.

ജീവന് തുല്യം, അല്ല അതിലുപരി സ്നേഹിച്ചവൻ വർഷങ്ങൾക്കു മുൻപ് നെഞ്ചിൽ കുത്തിയിറക്കിയ കത്തിയിലൂടെ ചോര വീണ്ടും കിനിഞ്ഞപ്പോൾ ശ്വാസം നിലച്ചതു പോലെ! അസ്ഥിയിലൂടെ പടർന്ന തണുപ്പിൽ ; ആരേയും കാണാനും ഒന്നും സംസാരിക്കാനും കഴിയാത്ത അവസ്ഥയിൽ ചിന്തകൾ കൂടികലർന്ന്, മനസ്സ് തീ പിടിച്ചതുപോലെ!

പ്രണയത്താൽ മുറിപ്പെട്ട അന്ന് പിരിയുവാൻ അവൾ ഉറപ്പിച്ചിരുന്നു. എന്നിട്ടും ജീവിതത്തിലേക്ക് ഒരുമിച്ചു തിരിച്ചു നടക്കാൻ അവസാനം തീരുമാനിച്ചപ്പോൾ, അപമാനിക്കപ്പെട്ട എന്റെ പ്രണയത്തെ ഓർത്തു ഇനി കരയില്ല എന്ന് അവളോട് തന്നെ വാക്ക് കൊടുത്തിരുന്നു. അതുകൊണ്ടായിരിക്കും ഇപ്പോൾ ഒരു മരവിപ്പ് മാത്രം ബാക്കി, ഇനിയുമേറെ പ്രണയദിനങ്ങൾ ജീവിച്ചു തീർക്കണമെന്ന തിരിച്ചറിവിന്റെ മരവിപ്പ് !

Leave a comment