അപ്പനാണ് താരം

തിരക്ക് പിടിച്ച ഒരു സായംസന്ധ്യ . മീറ്റിംഗ്സിൽ നിന്നു ഒരു ചെറിയ ബ്രേക്ക്‌ എടുത്തു ഞാൻ സ്വീകരണമുറിയിൽ ഇരിക്കുന്നു. നല്ലപാതി മുകളിൽ ചൂട് പിടിച്ച ഡിസ്കഷനിൽ ആണെന്ന് ശബ്ദത്തിന്റെ ആരോഹണ അവരോഹണങ്ങളിൽ നിന്ന് മനസിലാക്കാം. ഇടയ്ക്കു ഒരു നിശബ്ദത, ഫോൺകാൾ അറ്റൻഡ് ചെയ്യുന്നത് പോലെ ; പിന്നെ എന്തോ അത്യാവശ്യം ഉള്ളത് പോലെ താഴേയ്ക്ക് ഇറങ്ങി വന്നു വാതിൽ തുറന്ന് ഒരു പോക്ക്.

“അജി, നിങ്ങൾ എവിടെ ആണ് ” എന്ന് ചോദിക്കുന്നതും ആരോ ഗേറ്റ് തുറന്ന് വരുന്നതും കേട്ടു. വന്ന ആൾ രണ്ടു സാധനം ഏൽപ്പിക്കാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ, പരിചയം ഉള്ള ശബ്ദം ആയതിനാൽ വന്നത് ഞങ്ങളുടെ വീട് പുതുക്കി പണിത കോൺട്രാക്ടർ ആണെന്ന് എനിക്ക് മനസ്സിൽ ആയി.

“Sir, ഇത് ഇവിടെ വെയ്ക്കാൻ വന്നതാണ്”. “ഇത് എന്താണ് ബാഗിൽ? നിങ്ങൾ എന്നെ അകത്താക്കാൻ നോക്കുവാണോ ” എന്ന ഡയലോഗ്സ് കേട്ടപ്പോൾ എന്റെ ക്യൂരിയോസിറ്റി ഉണർന്നു. ദാ, വീണ്ടും ഗേറ്റ് തുറക്കുന്ന ശബ്ദം. ആശിഷ് അമ്പരന്ന് ” ഡാഡിയോ, ഇത് എങ്ങനെ ഇവിടെ ” എന്ന് ചോദിച്ചതും ഞാൻ ചാടി പുറത്തു ഇറങ്ങി. എന്റെ അപ്പനും അമ്മയും ദാ നിൽക്കുന്നു ഒരു മുന്നറിയിപ്പും ഇല്ലാതെ.

ഡേട്രെയിനിൽ നിന്നും കിട്ടിയതാണ്, ഇവിടെ ഏൽപ്പിച്ചിട്ട് പോകാമെന്നു കരുതി എന്ന് ചിരിയോടെ അജി. എന്നിട്ട് എന്നോട്, ” അകത്തോട്ടു കൊണ്ടുപോയി കൈകാര്യം ചെയ്തോളു ” എന്ന് കൂട്ടി ചേർത്തു. ആദ്യത്തെ ഷോക്കിൽ നിന്ന് റിക്കവർ ആയ ഞാൻ , എന്ത് പണി ആണ് അപ്പാ ഈ കാണിച്ചത് എന്ന് ചോദിച്ചപ്പോൾ ” ലേലു അല്ലു, ലേലു അല്ലു ഞങ്ങൾ നിനക്ക് സർപ്രൈസ് തരാമെന്നു വിചാരിച്ചു “എന്ന് ചിരിയോടെ മറുപടി. ഞാൻ തല്ലുമെന്നു പേടിച്ചിട്ടാണോ എന്തോ മമ്മി ഡാഡിയുടെ പുറകിൽ നിന്ന് അനങ്ങിയില്ല 🙄.

ഓണപരിപാടി കഴിഞ്ഞതിൽ പിന്നെ സർപ്രൈസ്കളുടെ ഘോഷയാത്ര ആയിരുന്ന ജീവിതത്തിൽ 80 വയസുള്ള അപ്പന്റെ വക ഒരു അടിപൊളി സർപ്രൈസ് കൂടി !

അനുബന്ധം : രാത്രിയിൽ ഹോസ്റ്റലിൽ ഉള്ള മകനെ വിളിച്ചു സംഭവം വിവരിച്ചു കേൾപ്പിച്ചപ്പോൾ അവന്റെ കമന്റ്‌. ” അമ്മാ, അപ്പപ്പ അമ്മയുടെ അല്ലേ അപ്പൻ, I am not surprised “. ഇതിപ്പോൾ കൊല്ലാനാണോ പിടിച്ചത് അതോ വളർത്താനാണോ പിടിച്ചത് എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ 🤔.

Leave a comment