എന്നും എപ്പോഴും…

സുഹൃത്തുക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഞാൻ അതിസമ്പന്നയല്ല. പക്ഷേ ഉള്ളവരൊക്കെ തന്നെയും എനിക്ക് വളരെ പ്രിയപ്പെട്ടവർ, ഏതാപത്തിലും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ളവർ.

അതിൽ ഒരു കൂട്ടുകാരി ഉണ്ട്, ബുദ്ധി (എന്റെ) ഉറച്ച നാൾ മുതലെ എന്നെ കൂടെ കൂട്ടിയവൾ. വിരുദ്ധ ധ്രുവങ്ങൾ പരസ്പരം ആകർഷിക്കും എന്നത് സ്കൂളിൽ പഠിപ്പി ക്കുന്നതിനു മുൻപേ ഞങ്ങൾ മനസിലാക്കിയിരുന്നു. പരിചിതരുടെയും അപരിചിതരുടെയും മുൻപിൽ ഒരുപോലെ മിണ്ടാട്ടം മുട്ടിയിരുന്ന എനിക്ക് എല്ലാവരോടും ഒരേപോലെ ഇടപഴകാൻ കഴിവുള്ള അവളോട് പരിചയപ്പെട്ട ആദ്യകാലങ്ങളിൽ മുഴുത്ത അസൂയ ആയിരുന്നു.

ആസിഡ് രോഗികൾക്ക് പകരം ഞരമ്പ് രോഗികൾ കൂടുതൽ ആയിരുന്ന അക്കാലത്തു, ടീനേജ് പ്രായത്തിലുള്ള ഏതൊരു പെൺകുട്ടിയെയും പോലെ ഞാനും വഴിവക്കിലേയും ബസ്സ്റ്റോപ്പിലെയും രമണന്മാരെ കൊണ്ടു പൊറുതി മുട്ടിയപ്പോൾ എന്റെ കൂട്ടുകാരി വാഴത്തണ്ട് വെട്ടിയിടുന്ന ലാഘവത്തോടെ അവരെ വാക്സാമർഥ്യത്താൽ നിലമ്പരിശ് ആക്കിയിരുന്നു. ഇരുട്ടടി അത്ര പ്രചാരത്തിൽ ഇല്ലാതിരുന്ന കാലമായതിനാൽ ഞാനും അവളും രക്ഷപെട്ടു പോന്നു.

ബന്ധങ്ങളുടെ ആഴവും പരപ്പും കെട്ടുകാഴ്ചകളാകുന്ന ഇക്കാലത്ത് ഒരു വിളിപ്പാടകലെ, ഇതുപോലെ കുറച്ച് നല്ല കൂട്ടുകാർ ഉണ്ടെന്നു ഉള്ളതാണ് ഒരു ആശ്വാസം. ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏക സമ്പാദ്യവും.

Leave a comment