ഒരു ഓണം അപാരത

നാനാജാതി മതസ്ഥരും വിവിധ ദേശക്കാരും തിങ്ങി നിറഞ്ഞു താമസിക്കുന്ന ഞങ്ങളുടെ ലേയൗട്ടിലെ ഓണാഘോഷം ഗംഭീരമായി കഴിഞ്ഞു.

മഹാബലിയുടെ ഐതിഹ്യം ഏറെക്കുറെ എല്ലാ മലയാളികൾക്കും അറിയാമെങ്കിലും, കഥയുടെ പിന്നാമ്പുറകഥകൾ അറിയാവുന്നവർ ചുരുക്കം ആയിരിക്കും. ഒരുപക്ഷേ ന്യൂജൻ ഭാഷയിൽ മഹാബലി ബാഹുബലിയുടെ അമ്മാവൻ ആയി എന്നും വരും.

അങ്ങനെ ഇരിക്കെ ഒരുദിവസം സായാഹ്നസവാരിക്ക് ഇറങ്ങിയ അമ്മ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്തിനെ വഴിയിൽ കണ്ടുമുട്ടുകയും വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അതിഗംഭീരമായി നടന്ന ഓണഘോഷത്തെ കുറച്ചു പറയുകയും എന്താണ് വരാഞ്ഞത് എന്ന്ചോദിക്കുകയും ചെയ്തു. സ്ഥലത്ത് ഇല്ലാതിരുന്നു എന്ന് പറഞ്ഞ കൂട്ടത്തിൽ അവർ അമ്മയോട് നിങ്ങൾ എന്താണ് ഓണം നേരത്തെ ആഘോഷിച്ചത് എന്നും ഇന്ന് ആണല്ലോ വാമനജയന്തി , അപ്പോൾ ഇന്ന് അല്ലേ ഓണം ആഘോഷിക്കേണ്ടതും എന്നും കൂട്ടിചേർത്തു.

ഞങ്ങളുടെ നല്ലവനായ മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനന്റെ ജയന്തി എന്തിനു ആഘോഷിക്കണം, മഹാബലി ഒരു നല്ല രാജാവായിരുന്നു; അദ്ദേഹം മലയാളികളെ വർഷത്തിൽ ഒന്ന് കാണാൻ വരുന്നത് ആണ് ഞങ്ങൾ ആഘോഷിക്കുന്നത് എന്നും അമ്മ വളരെ ഉത്സാഹത്തോടെ അവർക്കു class എടുത്തു. മുഴുവൻ കേൾക്കാൻ നിൽക്കാതെ അവർ ദേഷ്യത്തോടെ തിരിഞ്ഞു നടന്നത് എന്തിനാണ് എന്ന് മാത്രം പാവം അമ്മയ്ക്കു മനസ്സിൽ ആയില്ല.

നടത്തം കഴിഞ്ഞു വീട്ടിൽ എത്തിയ അമ്മ ഈ സംഭവം വിവരിച്ചപ്പോൾ, ആദ്യം ഞാൻ ഒന്ന് ഞെട്ടി എങ്കിലും പരിക്കുകൾ ഒന്നും കൂടാതെ അമ്മ തിരിച്ചു എത്തിയല്ലോ എന്ന സമാധാനം ആയിരുന്നു. ഇനി ഇപ്പോൾ ഇരുട്ടടി മലയാളികൾക്ക് മൊത്തമായാണോ അതോ ഭാരവാഹികൾക്ക് ആണോ വരുന്നത് എന്ന കൺഫ്യൂഷനിൽ ആണ് ഞാൻ !!

Leave a comment