ഭൂമിയുടെ അവകാശികൾ

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു കൃതി. തികച്ചും സാധാരണമായ ജീവിതസന്ദർഭങ്ങളിലൂടെ സഹവർത്തിത്വത്തിന്റെ ആവശ്യകത വിളിച്ചോതുന്ന കഥ.

അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ; ഭീമമായ വിലയ്ക്ക് വാങ്ങിയ, ഭൂമിയുടെ ച്ചിരിപ്പിടിയോളം വരുന്ന രണ്ടേക്കർ തെങ്ങുംപറമ്പിന് ഈ സൗരയൂഥത്തിലോ , അണ്ഡകടാഹത്തിലോ, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ മറ്റാർക്കും അവകാശങ്ങൾ ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് തീറാധാരങ്ങളെയും മുള്ളുവേലികളെയും ഗവണ്മെന്റ്നിനേയും മാനിക്കാത്ത ഒരു കൂട്ടർ അതിപുരാതനീയമായ അവകാശവാദവും ആയി പ്രത്യക്ഷപ്പെടുന്നത്.

ആ അപ്രതീക്ഷിത അധിനിവേശത്തിൽ പക്ഷികളുണ്ട്, ജന്തുക്കൾ ഉണ്ട് ; പിന്നെ കോടാനുകോടി കൃമികീടങ്ങളും. എല്ലാവരും ആയി സമരസപ്പെട്ടു ജീവിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഭൂമിയിലെ ജീവിതം പൊതുവേ അങ്ങനെ നോക്കുമ്പോൾ വലിയ സ്റ്റൈൽ ഇല്ലെങ്കിലും എല്ലാവരുടെയും അവകാശങ്ങളെ മാനിച്ചുകൊണ്ട് അങ്ങനെ ജീവിച്ചേ പറ്റൂ, മരമണ്ടൂസുകളായ മനുഷ്യർക്ക്‌ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും .

ഏതുകാലത്തും പ്രസക്തമായ ഒരു മാസ്റ്റർപീസ്. കഥയിലൂടെ അദ്ദേഹം പറയാതെ പറയുന്ന ഒരു വസ്തുത ആണ് അധിനിവേശത്തിന്റെ മറുപുറം ആണ് പാലായനം എന്നുള്ള ചരിത്രസത്യം. ആട്ടി ഓടിക്കപ്പെടുന്നവർ ആണ് മറ്റൊരിടത്തു ഓടിക്കയറുന്നതും പിന്നീട് തലമുറകൾ കഴിയുമ്പോൾ അവകാശികൾ ആകുന്നതും. അങ്ങനെ തലമുറകളുടെ കണക്കെടുത്താൽ രണ്ടുകൂട്ടർക്കും ഒരുപോലെ പറയാനുണ്ടാകും ചരിത്രവും അതിലെ താളപ്പിഴകളും. തേനും പാലും പിന്നെ പുണ്യവും ഒഴുകുന്ന ദേശം ആകുമ്പോൾ അവകാശങ്ങൾ വിട്ടുകൊടുക്കാൻ ആരും തയ്യാറാകില്ല താനും.

സാഹോദര്യം വേണമെന്നില്ല, അല്പം സഹിഷ്ണുതയും സഹവർത്തിത്വവും മതി; സമാധാനം പുലർത്താൻ. പക്ഷേ, കൊന്നും ചത്തും തീരുന്നതാണല്ലോ മോക്ഷപ്രാപ്തിക്കുള്ള എളുപ്പവഴി എന്ന് ചിലർ. മാറിനിന്നു കണ്ടും പിന്നെ കണ്ട്രോൾ ചെയ്തും രസിക്കുന്ന മറ്റു ചിലർക്ക് അധികാരത്തിന്റെ സമവാക്യങ്ങൾ തിരുത്തി എഴുതാൻ ഉള്ള ആവേശവും. ഇതിനിടയിൽ ഭൂമിയിലെ അവകാശത്തർക്കങ്ങൾ അങ്ങനെ അന്തമില്ലാതെ തുടരുന്നു !

Leave a comment